മലയാളികൂട്ടായ്‌മയില്‍ പങ്കുചേരൂ,

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക്‌ ആശയങ്ങള്‍ പങ്കുവെയ്‌ക്കുന്നതിനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു പൊതുവേദിയാണ്‌ വീരകേരളം. മലയാളികളുടെ സമഗ്രപുരോഗതിക്കും കേരളത്തിന്റെ വികസനത്തിനും വേണ്ടി നാം ഓരോരുത്തര്‍ക്കും ഒട്ടേറെ ആശയങ്ങള്‍ മുന്നോട്ടുവെയ്‌ക്കാനുണ്ട്‌. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുവായ ഒരു നിസംഗത ഇന്ന്‌ പ്രകടമാണ്‌. രാഷ്‌ട്രീയകാര്യങ്ങള്‍ അറിയാന്‍ താല്‍പര്യമില്ലായ്‌മ, വികസനപാതയിലെ കൂട്ടായ്‌മയില്‍ പങ്കാളിയാവാനുള്ള വിമുഖത തുടങ്ങി വോട്ടുചെയ്യാന്‍പോലും വൈമനസ്യമാണ്‌ ഇന്ന്‌ മലയാളിക്ക്‌. പഠിച്ച്‌ ഒരു ജോലി നേടണം എന്ന പഴയ ആഗ്രഹം, പഠിച്ച്‌ വിദേശത്തൊരു ജോലി നേടണമെന്ന ആഗ്രഹമായി പരിണമിച്ചിരിക്കുന്ന കാലമാണിത്‌. വിദേശങ്ങളില്‍ സ്ഥിരതാമസമാക്കാനാണ്‌ വലിയൊരു വിഭാഗം മലയാളികള്‍ ഇന്ന്‌ താല്‍പര്യപ്പെടുന്നത്‌. അതൊരു തെറ്റാണെന്ന്‌ പറയാനാവില്ല. ലോകത്തിന്റെ ഏതു കോണിലിരുന്നാലും മലയാളി തന്റെ സ്വത്വം മറക്കുന്നില്ല എന്നതുതന്നെ വലിയ കാര്യമാണല്ലോ. ഒരു പക്ഷേ ലോകത്ത്‌ മലയാളിക്കുമാത്രം അവകാശപ്പെടാവുന്ന ഔന്നത്യമായിരിക്കാം അത്‌.

വീരകേരളം മലയാളികളുടെ ഒരു പബ്ലിക്‌ ഫോറമാണ്‌. ഇതില്‍ നിങ്ങള്‍ക്ക്‌ ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്‌ക്കാം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാം. മറ്റുള്ളവരെ അറിയിക്കണമെന്ന്‌ തോന്നുന്ന സംഭവങ്ങള്‍, അനുഭവങ്ങള്‍, അറിയിപ്പുകള്‍ എന്നിവയൊക്കെ ഇതില്‍ എഴുതാം. സര്‍ഗസൃഷ്‌ടികള്‍ പ്രസിദ്ധീകരിക്കാം. മറ്റുള്ളവര്‍ക്കുള്ള നിര്‍ദേശങ്ങളും ഉപദേശങ്ങളും ഇതിലൂടെ നല്‍കാം.

പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.യു രതീഷ്‌ കുമാറാണ്‌ വീരകേരളത്തിന്റെ മോഡറേറ്റര്‍. വീരകേരളത്തിലേക്ക്‌ എത്തുന്ന സാമൂഹ്യ പ്രസക്തിയുള്ള രചനകള്‍ വീരകേരളം എഡിറ്റോറിയല്‍ ടീം ക്രോഡീകരിക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്കോ മന്ത്രിമാര്‍ക്കോ എത്തിച്ചുനല്‍കുകയും ചെയ്യും. ഔദ്യോഗികസ്ഥാനങ്ങളില്‍നിന്നു ലഭിക്കുന്ന മറുപടി യഥാസമയം വീരകേരളത്തില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്‌.

എന്തിനു മടിച്ചുനില്‍ക്കണം? മലയാളികളോട്‌ പറയാന്‍ എന്തെല്ലാമോ കാര്യങ്ങള്‍ നിങ്ങളുടെ മനസിലുമില്ലേ? അതെല്ലാം തുറന്നെഴുതൂ. ഏതു വിഷയത്തെക്കുറിച്ചും എഴുതാം. നിങ്ങള്‍ എഴുതുന്ന ഓരോ വരിയും മലയാളിയുടെ ആത്മപ്രകാശം തന്നെയായിരിക്കും. ഓരോ മലയാളിക്കും പ്രചോദനമാകട്ടെ ആ വരികള്‍.